ജാമിഅ മർകസ് പ്രൊ-ചാൻസിലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു
ജാമിഅ മർകസ് പ്രൊ-ചാൻസിലറും പ്രിയ സുഹൃത്തുമായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടു ടേമുകളിലായി ആറുവർഷം വഹിച്ചിരുന്ന പദവിയിൽ പിൻഗാമിയായി വളരെ കാലമായി അടുത്തറിയുന്ന സഹപ്രവർത്തകൻ എത്തുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും.
ബഹുഭാഷാ പണ്ഡിതനും വാഗ്മിയും അഭിഭാഷകനും ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ വലിയ മികവുമുള്ള ഹുസൈൻ സഖാഫി ന്യൂനപക്ഷ വിഷയങ്ങളും മുസ്ലിം സാമുദായിക വിഷയങ്ങളും അതീവ ശ്രദ്ധയോടെ നോക്കികാണുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രതിഭയാണ്. നിരവധി അന്താരാഷ്ട്ര വേദികളിലെ പ്രാതിനിധ്യം, സാമൂഹിക പ്രവർത്തന മേഖലയിലെ അനുഭവ സമ്പത്ത്, പാണ്ഡിത്യം തുടങ്ങിയ ഘടകങ്ങൾ ഈ രംഗത്ത് മികവോടെ പ്രവർത്തിക്കാൻ അദ്ദേഹത്തെ തുണക്കുമെന്ന് പ്രത്യാശിക്കുന്നു.
വനിതാ ബ്ലോക്, കൂടുതൽ എംബാർകേഷൻ പോയിന്റുകൾ, തീർഥാടകരുടെ എണ്ണത്തിലുള്ള വർധനവ്, സൗകര്യങ്ങൾ ഉൾപ്പെടെ അഭിമാനകരമായ അനവധി നേട്ടങ്ങൾ കഴിഞ്ഞ ടേമുകളിൽ ഹജ്ജ് കമ്മിറ്റിക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇനിയും ഒട്ടേറെ വികസന പ്രവർത്തങ്ങളും നൂതന പദ്ധതികളും തീർഥാടന രംഗത്ത് നിർവഹിക്കാൻ സാധിക്കും. അല്ലാഹുവിന്റെ അതിഥികളായി യാത്രചെയ്യുന്ന തീർഥാടകർക്ക് ഗുണകരമായ സേവനങ്ങൾ ചെയ്യാനും വളരെ മികവുള്ള കമ്മിറ്റിയായി മാറാനും ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫിക്കും പുതിയ അംഗങ്ങൾക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു. അല്ലാഹു തൗഫീഖ് നൽകട്ടെ,
C Muhammad Faizy